കാര്യവട്ടം സ്റ്റേഡിയം വർഷം 180 ദിവസം കെസിഎയ്ക്ക്
തിരുവനന്തപുരം ∙ കാര്യവട്ടത്തെ രാജ്യാന്തര സ്റ്റേഡിയം ഇനി വർഷത്തിൽ 180 ദിവസം കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഭരണത്തിൽ. രാജ്യാന്തര, പ്രാദേശിക ക്രിക്കറ്റ് മൽസരങ്ങൾക്ക് കേരളത്തിൽ, കെസിഎയുടെ വേദി ഇനി കാര്യവട്ടം സ്റ്റേഡിയമായിരിക്കും. പ്രധാന മൽസരങ്ങൾ സംഘടിപ്പിക്കുമ്പോൾ ദിവസം 15 ലക്ഷം രൂപവീതം കേരള ക്രിക്കറ്റ് അസോസിയേഷൻ കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റീസിനു നൽകും. രാജ്യാന്തര മൽസരങ്ങൾ, ഐപിഎൽ മൽസരങ്ങൾ എന്നിവയാണ് പ്രധാന മൽസരങ്ങളുടെ ഗണത്തിലുള്ളത്.
കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റീസ് ലിമിറ്റഡും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള കരാർ ഇന്നലെ ഒപ്പിട്ടു. കെസിഎ സെക്രട്ടറി ടി.എൻ. അനന്തനാരായണൻ കെഎസ്എഫ്എൽ സി ഇഒ: കെ.ശശിധർ എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. 11 വർഷത്തേക്കാണ് കരാർ. ബിസിസിഐ വൈസ് പ്രസിഡന്റും കെസിഎ പ്രസിഡന്റുമായ ടി.സി. മാത്യു, കെഎസ്എഫ്എൽ ഡയറക്ടർ അനിൽകുമാർ പണ്ടാല, ടിഡിസിഎ സെക്രട്ടറി വിനോദ് എസ്.കുമാർ, എൻജിഎസ് ചീഫ് കോഓർഡിനേറ്ററും കെഎസ്ഇബി ചീഫ് എൻജിനീയറുമായ അനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്.
കരാറിന്റെ അടിസ്ഥാനത്തിൽ സ്റ്റേഡിയത്തിൽ കേരള ക്രിക്കറ്റ്് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെ കെഎസ്എഫ്എൽ പിച്ച് നിർമിക്കും. ഇതോടെ, ഫ്ളഡ് ലിറ്റ്് സംവിധാനമുള്ള സ്റ്റേഡിയം ദേശീയ- രാജ്യാന്തര ക്രിക്കറ്റ്് മത്സരങ്ങൾക്കും ബിസിസിഐ നടത്തുന്ന ഫസ്റ്റ്് ക്ലാസ്് മത്സരങ്ങൾക്കും പുറമെ ഐപിഎൽ മത്സരങ്ങൾക്കും വേദിയാകും.
അത്യാധുനിക സൗകര്യങ്ങളോടെയാണ് 50,000 കാണികളെ ഉൾക്കൊള്ളാവുന്ന സ്പോർട്സ് ഹബ് നിർമിച്ചിരിക്കുന്നത്. വിശാലമായ മീഡിയാ റൂം, പ്ലെയേഴ്സ് ഡ്രസിങ് റൂമുകൾ, വിഐപി എൻക്ലോഷറുകൾ, ഇൻഡോർ കോർട്ടുകൾ, സ്വിമ്മിങ് പൂളുകൾ, സ്ക്വാഷ്് കോർട്ടുകൾ, ഔട്ട് ഡോർ ക്രിക്കറ്റ്് നെറ്റുകൾ, ഔട്ട്ഡോർ ഗെയിമുകൾക്കുള്ള സൗകര്യങ്ങൾ എന്നിവയ്ക്കു പുറമെ കൺവൻഷൻ-കോൺഫറൻസ് സെന്ററുകൾ, അതിഥി സൽക്കാരകേന്ദ്രങ്ങൾ, കേറ്ററിങ് സൗകര്യങ്ങൾ, വിശാലമായ പാർക്കിങ്, പഞ്ചനക്ഷത്ര ഹോട്ടൽ എന്നിവയും മറ്റു പ്രത്യേകതകളാണ്.
വർഷത്തിൽ 180 ദിവസമായിരിക്കും കെസിഎയ്ക്ക് സ്റ്റേഡിയം ഉപയോഗിക്കാൻ കഴിയുക. എല്ലാ വർഷവും ഒക്ടോബർ ഒന്നു മുതൽ ജനുവരി 31 വരെയും ഏപ്രിൽ ഒന്നു മുതൽ മേയ് 30 വരെയുമാണ് സ്റ്റേഡിയം കെസിഎയ്ക്ക് ലഭിക്കുക. മറ്റു മാസങ്ങളിലെ ലഭ്യമായ ദിവസങ്ങളിൽ സ്റ്റേഡിയം ഉപയോഗിക്കാൻ കഴിയും. കെസിഎയുടെയും കെഎസ്എഫ്എല്ലിന്റെയും മൂന്നു വീതം പ്രതിനിധികൾ അടങ്ങിയ കമ്മിറ്റിയാണ് കരാർ കാലാവധി കാലത്ത്് സ്റ്റേഡിയത്തിന്റെ പ്രവർത്തനങ്ങൾക്ക്് മേൽനോട്ടം വഹിക്കുക. കമ്മിറ്റിയുടെ പ്രസിഡന്റ്, സെക്രട്ടറിസ്ഥാനങ്ങൾ കെ സിഎയ്ക്കാണ്. കളിസ്ഥലം അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കേണ്ട ചുമതല കെസിഎയ്ക്കാണ്.

No comments:
Post a Comment