ദലിത് സ്ത്രീയായ ചിത്രലേഖയോടുള്ള സിപിഎം നയത്തെ അപലപിച്ചു സിപിഎം വേദിയിലേക്ക് ഇല്ലെന്നു ജിഗ്നേഷ് മെവാനി
അഹമ്മദാബാദ് ∙ സിപിഎം വേദിയിലേക്ക് ഇല്ലെന്നു ഗുജറാത്തിലെ ദലിത് പ്രക്ഷോഭനായകൻ ജിഗ്നേഷ് മെവാനി. സംഘ്പരിവാർ ശക്തികളുടെ ദലിത് പീഡനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ സിപിഎം ആഭിമുഖ്യത്തിലുള്ള പട്ടികജാതിക്ഷേമ സമിതി ഈ മാസം 21നു കണ്ണൂരിൽ സംഘടിപ്പിക്കുന്ന സ്വാഭിമാന സംഗമത്തിൽ പങ്കെടുക്കില്ലെന്നാണു ജിഗ്നേഷ് മെവാനി അറിയിച്ചത്. ദലിത് മുന്നേറ്റത്തിന് ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും പിന്തുണ തേടുന്നില്ലെന്ന നിലപാടു വ്യക്തമാക്കാൻ കൂടിയാണു സംഗമത്തിൽ നിന്നു വിട്ടുനിൽക്കുന്നതെന്നു ജിഗ്നേഷ് ‘മനോരമ’യോടു പറഞ്ഞു.
നേരത്തേ ചടങ്ങിൽ സംബന്ധിക്കാൻ സമ്മതം നൽകിയിരുന്നെങ്കിലും ഇപ്പോൾ അതിൽ നിന്നു വിട്ടുനൽക്കേണ്ടിവന്നതിൽ പട്ടികജാതിക്ഷേമ സമിതിയോടു ക്ഷമ ചോദിക്കുന്നതായി ജിഗ്നേഷ് ഞായറാഴ്ച ഫേസ്ബുക് പേജിൽ അറിയിച്ചിരുന്നു. കുറിപ്പിൽ ഇങ്ങനെ പറയുന്നു: ചടങ്ങിലേക്കു ദിവസങ്ങൾക്കു മുൻപു ക്ഷണം ലഭിച്ചിരുന്നു. സമ്മതിക്കുകയും ചെയ്തിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുമായും സമിതിക്കു ബന്ധമില്ലെന്ന് അറിയിച്ചതിനെ തുടർന്നായിരുന്നു അത്. എന്നാൽ സമിതി സിപിഎമ്മിന്റെ ഒരു മുൻനിര സംഘടനയാണെന്നു ചില സുഹൃത്തുക്കളാണു ശ്രദ്ധയിൽപ്പെടുത്തിയത്.
ഒരു അംബേദ്കറൈറ്റ് എന്ന നിലയിൽ കേരളത്തിലെയും ഇതര ഭാഗങ്ങളിലെയും സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര നിലപാടുകളോടു വ്യക്തിപരമായി വിയോജിപ്പുണ്ട്. അവരുടെ പ്രവർത്തനം പ്രശ്നബാധിതമാണെന്നു മാത്രമല്ല, ചിത്രലേഖയെന്ന സ്ത്രീയോടു .സിപിഎം എടുക്കുന്ന നിലപാട് അപലപനീയവുമാണ്. അതിനാൽ ചടങ്ങിൽ നിന്നു വിട്ടുനിൽക്കുന്നു; അതുമായി ബന്ധപ്പെട്ടുണ്ടായ അസൗകര്യങ്ങളിൽ ക്ഷമ ചോദിക്കുന്നു. ദലിത് സ്ത്രീയോടു പാർട്ടി കാണിക്കുന്ന പ്രവൃത്തികൾ ന്യായീകരിക്കാനാവാത്തതാണെന്നും ഒരു ദലിത് സമരപ്രവർത്തകൻ എന്ന നിലയിൽ ചിത്രലേഖയുടെ ചെറുത്തുനിൽപ്പിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണെന്നും ജിഗ്നേഷ് മനോരമയോടു പറഞ്ഞു.
പയ്യന്നൂരിൽ ഓട്ടോ ഓടിക്കുന്ന ചിത്രലേഖയ്ക്കെതിരെ പ്രാദേശിക സിപിഎം പ്രവർത്തകർ ദീർഘനാളായി എതിർപ്പു പ്രകടിപ്പിക്കുകയാണ്. സിപിഎം തന്നെ ആക്രമിക്കുന്നതായും ഓട്ടോ തീയിട്ടു നശിപ്പിച്ചതായും ചിത്രലേഖ പരാതിപ്പെട്ടിട്ടുണ്ട്.

No comments:
Post a Comment