വിഷമില്ലെന്ന് തെളിയിക്കാൻ മരുന്ന് സ്വയം കുടിച്ച് ശരീരം തളർന്ന ഡോക്ടർ മരിച്ചു; ഒൻപത് വർഷമായി അബോധാവസ്ഥയിൽ
മൂവാറ്റുപുഴ ∙ വിഷം കലർന്ന മരുന്നു രോഗിക്കു നൽകിയെന്ന ആരോപണം തെറ്റാണെന്നു തെളിയിക്കാൻ മരുന്നു സ്വയം കുടിച്ചതിനെ തുടർന്ന് ഓർമ നഷ്‌ടപ്പെട്ടു പൂർണമായി ശരീരം തളർന്ന് ഒൻപത് വർഷമായി അബോധാവസ്ഥയിലായിരുന്ന ആയുർവേദ ഡോക്ടർ മൂവാറ്റുപുഴ പായിപ്ര പണ്ടിരിയിൽ പി.എ.ബൈജു (45) മരിച്ചു.
ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു മരണം. ഭാര്യ ഡോ.ഷിൻസി. മക്കൾ: വിഷ്ണു, വൈഷ്ണവി. 2007 ജനുവരി 25നാണു ബൈജുവിന്റെ ജീവിതം തകർത്ത സംഭവമുണ്ടായത്. ഇടുക്കി ബൈസൺവാലി സർക്കാർ ആയുർവേദ ക്ലിനിക്കിലെ ഡോക്ടറായിരുന്നു ബൈജു. ബൈസൺവാലി കാര്യംകുന്നേൽ ശാന്ത ഡോ.ബൈജുവിന്റെ ചികിൽസയിലായിരുന്നു. സന്ധിവാതം ബാധിച്ചു നടക്കാൻ ബുദ്ധിമുട്ടിയിരുന്ന ശാന്തയുടെ രോഗത്തിനു ബൈജുവിന്റെ ചികിൽസകൊണ്ട് ഏറെ ശമനമുണ്ടായി.
ചികിൽസയുടെ ഭാഗമായി 'രസനപഞ്ചകം' കഷായം കുടിക്കാൻ ഡോക്ടർ നിർദേശിച്ചിരുന്നു. കഷായം കഴിച്ച ശാന്ത അബോധാവസ്ഥയിലായെന്നും മരുന്നിൽ വിഷം ചേർന്നതായും ആരോപിച്ചു ശാന്തയും ബന്ധുക്കളും ആശുപത്രിയിലെത്തി. മരുന്നിന്റെ വിശ്വാസ്യത തെളിയിക്കാൻ ഡോ. ബൈജു അവരുടെ കൈവശമുണ്ടായിരുന്ന മരുന്നു വാങ്ങി കുടിച്ചു. ഉടനെ തളർന്നു വീണ ബൈജു പിന്നീട് സംസാരിച്ചിട്ടില്ല. ശരീരത്തിന്റെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടു.മരുന്നുകളോട് ശരീരം പ്രതികരിച്ചില്ല. പല ചികിൽസകൾ തുടർന്നെങ്കിലും രോഗാവസ്ഥയിൽ മാറ്റമുണ്ടായില്ല. ഭീഷണിയുമായി എത്തിയവർ നിർബന്ധപൂർവം മരുന്നു കുടിപ്പിച്ചതാണെന്ന ആരോപണം പൊലീസ് അന്വേഷിച്ചിരുന്നു.
ഓർഗാനോ ഫോസ്ഫറസ് എന്ന വിഷത്തിന്റെ സാന്നിധ്യമാണു ബൈജുവിന്റെ രോഗാവസ്ഥയ്ക്കു കാരണമെന്നു പിന്നീട് തെളിഞ്ഞു. കഷായത്തിൽ വിഷം കലർത്തിയതിനു ശാന്തയുടെ ഭർത്താവ് രാജപ്പൻ അറസ്റ്റിലായി. കുടുംബ കലഹത്തെത്തുടർന്ന് ഇയാൾ മരുന്നിൽ വിഷം കലർത്തിയെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. കേസ് കോടതിയുടെ പരിഗണനയിലാണ്. പായിപ്ര മാനാറി പണ്ടിരിപുത്തൻപുര എം.അയ്യപ്പന്റെയും ലീലയുടെയും മകനാണ് ബൈജു. രാജാക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുകാർക്കു വിട്ടുകൊടുത്തു. വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു
.

No comments:
Post a Comment