അനധികൃത സ്വത്ത്: അരുൺകുമാറിനെതിരെ വിജി. കേസ് എടുക്കാമെന്നു നിയമോപദേശം
തിരുവനന്തപുരം∙ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ വി.എസ്.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺകുമാറിനെതിരെ വിജിലൻസ് കേസ് എടുക്കാമെന്നു നിയമോപദേശം. അരുണിന്റെ വിദേശയാത്ര, അനധികൃത സ്വത്ത് സമ്പാദനം എന്നിവ അന്വേഷിച്ച വിജിലൻസ് സംഘം കേസെടുക്കുന്നതിനു നിയമോപദേശം തേടിയിരുന്നു.
തുടർന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാമെന്നു വിജിലൻസ് അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ സി.സി.അഗസ്റ്റിൻ അന്വേഷണ ഉദ്യോഗസ്ഥനു റിപ്പോർട്ട് നൽകി. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസാണ് ഇനി അന്തിമ തീരുമാനം എടുക്കേണ്ടത്. കഴിഞ്ഞ ജൂണിലാണു വിജിലൻസ് സ്പെഷൽ സെൽ എസ്പി: എസ്.രാജേന്ദ്രൻ നിയമോപദേശത്തിനായി റിപ്പോർട്ട് സമർപ്പിച്ചത്. അരുൺകുമാറിന്റെ സ്വത്തും വിദേശയാത്രാ ചെലവും വരുമാനവുമായി പൊരുത്തപ്പെടുന്നില്ലെന്നാണു പ്രധാന കണ്ടെത്തൽ.
അരുൺ ഐഎച്ച്ആർഡി അഡീഷനൽ ഡയറക്ടറായിരിക്കെ നടത്തിയ ലണ്ടൻ, മക്കാവൂ, സിംഗപ്പൂർ യാത്രകളിലെ ക്രമക്കേട്, സ്വത്ത് സമ്പാദനം, കയർഫെഡ് എംഡിയായിരിക്കെ ക്രമക്കേടുകൾ നടത്തിയെന്ന പരാതി എന്നിവയിൽ നടത്തിയ അന്വേഷണത്തിലാണു കേസ് എടുക്കാമെന്ന നിയമോപദേശം ലഭിച്ചത്. വിമാനയാത്രാ ചെലവിന്റെ പൂർണവിവരം കിട്ടാത്തതിനാൽ ശരാശരി തുക അടിസ്ഥാനമാക്കിയാണു ചെലവ് കണക്കാക്കിയത്. അരുൺകുമാറിന്റെ വരുമാനം, ഡോക്ടറായ ഭാര്യയുടെ വരുമാനം, കുടുംബ ആസ്തി എന്നിവയെല്ലാം വിജിലൻസ് വിശദമായി പരിശോധിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് അരുണിനെതിരെ ത്വരിതാന്വേഷണം തുടങ്ങിയത്.
എന്നാൽ, സർക്കാരിന്റെ കാലാവധി തീരും മുൻപു വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചില്ല. ഇതിനു പുറമെ, വി.ഡി.സതീശൻ അധ്യക്ഷനായ നിയമസഭാ സമിതിയും അന്വേഷണം നടത്തിയെങ്കിലും തുടർനടപടി കൈക്കൊണ്ടില്ല. വിജിലൻസ് സ്പെഷൽ സെൽ എസ്പി ആയിരുന്ന വി.എൻ.ശശിധരൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം ആരോപണങ്ങൾ അന്വേഷിച്ചത്. ഈ സർക്കാർ വന്ന ശേഷം അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലയേറ്റ എസ്.രാജേന്ദ്രൻ രണ്ടു പ്രാവശ്യം അരുണിനെ വിളിച്ചു വരുത്തി ചോദ്യംചെയ്തിരുന്നു.
എന്നാൽ, പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. രേഖകൾ കാണിച്ചുള്ള ചോദ്യങ്ങൾക്കും അവ്യക്തമായ മറുപടിയാണ് അരുൺ നൽകിയത്. തുടർന്നാണു കേസ് എടുത്ത് അന്വേഷിക്കണമെന്ന ശുപാർശ വിജിലൻസ് ഡയറക്ടർക്കു നൽകിയത്. എന്നാൽ, ഇതേക്കുറിച്ച് ഒരു മാസം മുൻപും മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ റിപ്പോർട്ട് ശ്രദ്ധയിൽപെട്ടിട്ടില്ല എന്നായിരുന്നു ഡയറക്ടർ ജേക്കബ് തോമസിന്റെ മറുപടി. ഉന്നത ഉദ്യോഗസ്ഥർക്കും യുഡിഎഫ് മന്ത്രിമാർക്കുമെതിരെ അതിവേഗം അന്വേഷണവും തുടർനടപടിയുമായി നീങ്ങുന്ന ജേക്കബ് തോമസിന്റെ ഈ കേസിലെ നിലപാട് നിർണായകമാകും
.

No comments:
Post a Comment