Monday, 12 September 2016

ഐഎസ്എല്ലിൽ തെളിയിക്കാൻ മൈക്കൽ ചോപ്ര




ഐഎസ്എൽ ആദ്യ സീസൺ കളിക്കാനെത്തിയ തനിക്കു കണക്കുകൂട്ടൽ പിഴച്ചെന്നു കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ മൈക്കൽ ചോപ്ര. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ തിളങ്ങിയ ആദ്യ ഏഷ്യൻ വംശജനായ ചോപ്ര ആദ്യ സീസണിൽ കടുത്ത പോരാട്ടം പ്രതീക്ഷിച്ചല്ല ഇന്ത്യയിലേക്കു വന്നതെന്നു കുറ്റസമ്മതം നടത്തുന്നു. ഇക്കുറി കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി തനിക്കു കുറേ കാര്യങ്ങൾ തെളിയിക്കാനുണ്ടെന്നും ഈ സ്ട്രൈക്കർ പറയുന്നു.

‘‘ആദ്യ സീസണിൽ കളിക്കാനെത്തുമ്പോൾ ഞാൻ കരുതിയില്ല, ഇന്ത്യൻ ഫുട്ബോളിലെ ഈ പുതുപരീക്ഷണം ഇത്ര കടുപ്പം ആകുമെന്ന്. ഐഎസ്എല്ലിനെ ഞാൻ വിലകുറച്ചു കണ്ടു. എല്ലാം എളുപ്പമാകുമെന്നായിരുന്നു എന്റെ പ്രതീക്ഷ. പക്ഷേ ഓരോമൽസരവും കടുകട്ടിയായിരുന്നു. ടീമുകൾ തമ്മിൽ കളിനിലവാരത്തിന്റെ കാര്യത്തിൽ വലിയ അന്തരമൊന്നും ഉണ്ടായിരുന്നില്ല. സ്വന്തം ഫിറ്റ്നസ്, ഫോം എന്നിവ സംബന്ധിച്ചും എന്റെ കണക്കുകൂട്ടലുകൾ പാളി. ടൂർണമെന്റ് തുടങ്ങുന്നതിനു തൊട്ടുമുൻപു പരുക്കേറ്റതും ആഘാതമായി. എന്നിട്ടും ഫൈനൽവരെ പിടിച്ചുനിന്നു.

‘‘ഫൈനലിൽ കണങ്കാലിലെ പരുക്കുമായാണ് അത്‌ലറ്റിക്കോ ഡി കൊൽക്കത്തയെ നേരിടാൻ ഇറങ്ങിയത്. കടുത്ത വേദന വകവയ്ക്കാതെ പരമാവധി കഴിവു ഞാൻ പുറത്തെടുത്തു. അവസാനഘട്ടത്തിൽ ടീമിനെ വിജയത്തിലെത്തിക്കാൻ അവസരവും കിട്ടി. ഗോളിലേക്കു കയറുകയായിരുന്ന ആ പന്ത് കൊൽക്കത്തയുടെ ഗോളി എങ്ങനെയാണു രക്ഷപ്പെടുത്തിയതെന്നത് ഇപ്പോഴും എന്റെ ചിന്തകളെ അലട്ടുകയാണ്.’’ ചോപ്ര പറഞ്ഞു.

കളിയുടെ അവസാന നിമിഷത്തിൽ മുഹമ്മദ് റഫീഖ് നേടിയ ഗോളിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത പ്രഥമ ഐഎസ്എൽ കിരീടം നേടുകയായിരുന്നു. രണ്ടാം സീസണിൽ മൈക്കൽ ചോപ്രയെ ഐഎസ്എൽ ടീമുകളൊന്നും തിരിഞ്ഞുനോക്കിയില്ല. പക്ഷേ മൂന്നാം സീസൺ ആയപ്പോഴേക്കു ചോപ്ര അമിതവണ്ണം നീക്കി ‘ഫിറ്റ്’ ആയിക്കഴിഞ്ഞിരുന്നു. കാലിലെ പരുക്ക് പൂർണമായും ഭേദമായെന്നു സാക്ഷ്യപ്പെടുത്താൻ പുണെയിലെ ഡിഎസ്കെ ക്ലബിന്റെ ക്യാംപിൽ മൂന്നാഴ്ച പരിശീലനം നടത്തി. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അതു നേരിൽക്കണ്ടു ബോധ്യപ്പെട്ടു.

മൈക്കൽ ചോപ്രയ്ക്ക് ഇനി ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഏറെയൊന്നും പ്രതീക്ഷിക്കാനില്ല. എന്നാൽ ഐഎസ്എല്ലിൽ പലതും തെളിയിക്കാനുണ്ട്. താൻമൂലം കൈവിട്ടുപോയ കിരീടം തിരിച്ചുപിടിക്കാൻ ടീമിനെ സഹായിക്കണമെന്ന് ഈ ഇന്ത്യൻ വംശജൻ ലക്ഷ്യമിടുന്നു. അതുവഴി ഒരുപക്ഷേ ഇന്ത്യയുടെ ദേശീയ ടീമിലേക്കൊരു വഴി തെളിഞ്ഞേക്കാമെന്ന പ്രതീക്ഷയുമുണ്ട്. ബ്രിട്ടിഷ് പാസ്പോർട്ട് ഉപേക്ഷിക്കാൻ തയാറെന്നും മൈക്കൽ ചോപ്ര പറയുന്നു
.

No comments:

Post a Comment