Monday, 12 September 2016

രോഹിത് ശർമ വീണ്ടും ഇന്ത്യൻ ടീമിൽ; ബിന്നി പുറത്ത്






മുംബൈ ∙ ദുലീപ് ട്രോഫി ക്രിക്കറ്റിൽ നാല് അർധ സെഞ്ചുറികളടക്കം 320 റൺസ് നേടി തിരിച്ചുവരവിനൊരുങ്ങിയ ഗൗതം ഗംഭീറിനു മുൻപിൽ ഇത്തവണയും ഇന്ത്യൻ ടീമിന്റെ വാതിൽ തുറന്നില്ല. ന്യൂസീലൻഡിനെതിരെ മൂന്നു ടെസ്റ്റു മൽസരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ‘ഫോമി’ലുള്ള ഗംഭീറിനെ പരിഗണിച്ചില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ഫോം കണ്ടെത്താനാകാതെ പുറത്തേക്കുള്ള വഴിനോക്കിനിന്ന രോഹിത് ശർമയ്ക്ക് ഒരവസരം കൂടി നൽകാനും തീരുമാനിച്ചു. സ്റ്റുവർട്ട് ബിന്നിയെ ഒഴിവാക്കി. കാൻപൂരിൽ 22ന് ആണ് ആദ്യ ടെസ്റ്റ്. അനിൽകുംബ്ലെ പരിശീലകസ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ഇന്ത്യൻ ടീമിന്റെ നാട്ടിലെ ആദ്യമൽസരവുമാണിത്.

അപ്രതീക്ഷിത ഒഴിവാക്കലുകളും ഉൾപ്പെടുത്തലുകളുമില്ലാതെയാണ് സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സിലക്‌ഷൻ കമ്മിറ്റി 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ‌‌വെസ്റ്റ് ഇൻഡീസിൽ പരമ്പര വിജയവുമായി തിരിച്ചെത്തിയ 17 അംഗ ടീമിൽ നിന്ന് ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നി, ഷാർദുൽ ഠാക്കൂർ എന്നിവരെ മാത്രം ഒഴിവാക്കി. ഗൗതം ഗംഭീർ അടക്കമുള്ള സീനിയർ താരങ്ങളിൽ പലരെയും പരിഗണിച്ചെങ്കിലും യുവതാരങ്ങൾ മികവു തുടരുന്നതു സീനിയേഴ്സിന്റെ തിരിച്ചുവരവിനു തടസ്സമായെന്നു ചീഫ് സിലക്ടർ സന്ദീപ് പാട്ടീൽ‌ പറഞ്ഞു.

ബാറ്റിങ്ങിൽ ഓപ്പണർമാരാക്കാൻ ക്യാപ്റ്റൻ വീരാട് കോഹ്‍ലിക്ക് മുരളി വിജയ്, ശിഖർ ധവാൻ, ലോകേഷ് രാഹുൽ എന്നീ മൂന്ന് ഓപ്ഷനുകൾ ഇത്തവണയുമുണ്ട്. മൂന്നു സ്പിന്നർമാരുമായി ഇന്ത്യൻ പിച്ചിലേക്കെത്തുന്ന ന്യൂസീലൻഡിനെ നേരിടാൻ ഇന്ത്യൻ നിരയിലും മൂന്നു സ്പിന്നർമാരെ ഉൾപ്പെടുത്തി. ഇഷാന്ത് ശർമ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷാമി, ഉമേഷ് യാധവ് എന്നീ പേസർമാരും ടീമിലിടം നേടി. വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയടക്കം ആറു സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻമാർ ടീമിലുണ്ട്.

ടീം: വീരാട് കോഹ്‍ലി (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യെ രഹാനെ, മുരളി വിജയ്, രോഹിത് ശർമ, രവിചന്ദ്ര അശ്വിൻ, വൃദ്ധിമാൻ സാഹ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ, ഭുവനേശ്വർ കുമാർ, ശിഖർ ധവാൻ, അമിത് മിശ്ര, ഉമേഷ് യാദവ്

No comments:

Post a Comment