Monday, 12 September 2016

കാവേരി പ്രശ്നം: ബെംഗളൂരുവിൽ അതീവ ജാഗ്രത തുടരുന്നു

ബെംഗളൂരു ∙ കാവേരി നദീജലത്തർക്കവുമായി ബന്ധപ്പെട്ട് സംഘർഷം ഉടലെടുത്ത ബെംഗളൂരുവിൽ അതീവ ജാഗ്രത തുടരുന്നു. 16 പൊലീസ് സ്റ്റേഷൻപരിധിയിൽ രാത്രികാല കർഫ്യൂ. ബെംഗളൂരു നഗരപരിധിയിൽ നിരോധനാജ്‍ഞ ഇന്നും തുടരും. എല്ലായിടത്തും കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ കർണാടക മന്ത്രിസഭയുടെ അടിയന്തരയോഗം ഇന്നു ചേരും.

കാവേരി പ്രശ്നത്തിൽ സുപ്രീം കോടതിയുടെ പ്രതികൂല വിധിയെത്തുടർന്നാണ് കർണാടകയിൽ പ്രതിഷേധം ആളിക്കത്തിയത്. ഹെഗ്ഗനഹള്ളിയിൽ പൊലീസ് വാൻ ആക്രമിച്ചവർക്കു നേരെ അർധസൈനിക വിഭാഗം നടത്തിയ വെടിപയ്പിൽ ഒരാൾ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം. ബെംഗളൂരുവിലും മൈസൂരുവിലും ശ്രീരംഗപട്ടണത്തും തമിഴ്നാട് ബസുകളും മദ്ദൂരിൽ ലോറികളും കത്തിച്ചു. ബെംഗളൂരുവിലെ കെങ്കേരിയിൽ മാത്രം മുപ്പതിലേറെ സ്വകാര്യബസുകൾക്കു തീയിട്ടു. അമ്പതോളം ലോറികൾക്കു കല്ലെറിഞ്ഞു. ലെഗ്ഗേരിയിൽ പൊലീസ് വാൻ കത്തിച്ചു. മണ്ഡ്യ മദ്ദൂരിൽ യുവാവ് തീയിൽ ചാടി ആത്മാഹുതിക്കു ശ്രമിച്ചു. മൈസൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മൈസൂരുവിലെ വീടിനു നേരെയും കല്ലേറുണ്ടായി. 

ക്രമസമാധാനപാലനത്തിനു 15,000 പൊലീസുകാരെ വിന്യസിച്ചു. 10 കമ്പനി കേന്ദ്ര സേന കർണാടകയിലെത്തി. കൂടുതൽ കേന്ദ്രസേനയെ എത്തിക്കാൻ കർണാടക സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്.

No comments:

Post a Comment