ആദിവാസികള്‍ക്ക് മാത്രമായി പഞ്ചായത്ത് അനുവദിച്ച് കയ്യടി നേടിയ സര്‍ക്കാര്‍ പഞ്ചായത്ത് ഓഫീസ് അനുവദിച്ചത് നടന്നുമാത്രം പോകാന്‍ കഴിയുന്ന 66 കിലോമീറ്റര്‍ അപ്പുറത്ത്; കാട്ടുവഴികളിലൂടെ ആശുപത്രിയില്‍ എത്തിക്കാന്‍ പറ്റാത്തതിനാല്‍ കുടികളില്‍ ചികിത്സകിട്ടാതെ കഴിയുന്നത് എണ്‍പതോളം പേര്‍; എടമലക്കുടി സന്ദര്‍ശിക്കാന്‍ ധൈര്യമുള്ള ഒരു മന്ത്രിയെങ്കിലും ഉണ്ടോ ഈ നാട്ടില്‍?
ഒഡീഷയിലെ കാളഹന്ദിയില്‍ ഭാര്യയുടെ മൃതദേഹം ഊരിലേക്കെത്തിക്കാന്‍ കിലോമീറ്ററുകളോളം ചുമന്നുകൊണ്ടുപോകേണ്ടിവന്ന ആദിവാസി യുവാവിന്റെ കഥ അടുത്തിടെയാണ് ദേശീയ മാദ്ധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായത്. കേരളത്തില്‍ അത്തരമൊരു ദൃശ്യത്തിലേക്ക് അധികം ദൂരമില്ലെന്ന് പറയുകയാണ് കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ എടമലക്കുടി. ഊരില്‍ ആരെങ്കിലും തളര്‍ന്നുവീണാല്‍ ആശുപത്രിയിലേക്ക് രോഗികളെ മുളന്തണ്ടില്‍ കെട്ടി ചുമന്നുകൊണ്ടുപോകേണ്ട ഗതികേടില്‍ ഒരു ഗ്രാമംമുഴുവന്‍ ദശാബ്ദങ്ങളായി കഴിയുന്നു.
22 കിലോമീറ്റര്‍ ദുര്‍ഘടമായ കാട്ടുവഴികളിലൂടെ ചുമന്നുകൊണ്ട് നടന്നാല്‍ മാത്രമേ ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാനാകൂ എന്നതിനാല്‍ അതിന് സാധിക്കാതെ എണ്‍പതോളം പേരാണ് ഇപ്പോള്‍ത്തന്നെ എടമലക്കുടി സെറ്റില്‍മെന്റുകളില്‍ മൃതപ്രായരായി കഴിയുന്നത്. ഇത്രയും ദുഷ്കരമായി യാത്രചെയ്ത് രോഗികളെ ടാറ്റ എസ്റ്റേറ്റിന്റെ തൊഴിലാളികള്‍ക്കുള്ള ആശുപത്രിയിലെത്താന്‍ കഴിയൂ.
അവിടെ എത്തിയാലും അടിമാലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് തന്നെ ഇവരെ പറഞ്ഞ് വിടുകയാണ് ചെയ്യുകയെന്ന് അടുത്തിടെ ഊരുകളില്‍ സന്ദര്‍ശനം നടത്തി തെളിവെടുത്ത ദേശീയ മനുഷ്യാവകാശ, സാമൂഹ്യനീതി കമ്മിഷന്‍ അംഗങ്ങള്‍ കണ്ടെത്തി. ഇതിനു പുറമെ കറുപ്പിന്റെ ഉപയോഗം വ്യാപകമായതും മാസമുറ തടസ്സപ്പെടുത്താന്‍ സ്ത്രീകള്‍ മരുന്നുകഴിക്കുന്നതും എടമലക്കുടിയില്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായും കമ്മിഷന് വിവരം ലഭിച്ചു.
ആരോഗ്യ രംഗത്തുമാത്രമല്ല, എല്ലാ രംഗങ്ങളിലും എടമലക്കുടിയെന്ന ആദിവാസി പഞ്ചായത്ത് വലിയ പ്രതിസന്ധികളെയാണ് നേരിടുന്നത്. ഇവിടെ മാറിമാറി വന്ന സര്‍ക്കാര്‍ ഇതുവരെ ചെലവിട്ട പണം ആദിവാസികള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ അവരെല്ലാം ഇപ്പോള്‍ ലക്ഷപ്രഭുക്കളാകുമായിരുന്നു.
ഇവരുടെ വികസനത്തിനായി ചെലവിട്ട കോടികളുടെ കണക്കുകള്‍ കടലാസില്‍ മാത്രം ഒതുങ്ങുന്നു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു തന്ന വെള്ളവും കാട്ടുതേനും പഴങ്ങളും കിഴങ്ങുകളുമൊഴിച്ച് ഇന്നും ഇവര്‍ക്ക് മറ്റൊന്നുമില്ല. ഇവരുടെ പരാതികള്‍ കേള്‍ക്കാനും സ്ഥിതി മനസ്സിലാക്കാനും എത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ കണ്ടതും അറിഞ്ഞതും ഞെട്ടിക്കുന്ന കാര്യങ്ങളാണ്.
മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട മൂവായിരത്തോളം ആദിവാസികളാണ് 28 സെറ്റില്‍മെന്റുകളിലായി നരകജീവിതം നയിക്കുന്നത്. പൂര്‍ണമായും വനമേഖലയ്ക്ക് അകത്തുകിടക്കുന്ന പഞ്ചായത്തില്‍ കാല്‍നടയായി എത്തിപ്പെടാനേ ഇപ്പോഴും മാര്‍ഗമുള്ളൂ. കാളിഹന്ദിയില്‍ മൃതദേഹം ചുമന്നുകൊണ്ടുപോയതുപോലെ, ഊരില്‍ രോഗംവന്ന് കിടപ്പിലായവരെ മുളന്തണ്ടില്‍ കെട്ടിവച്ച് ചുമന്നുകൊണ്ടുപോകുക മാത്രമാണ് മാര്‍ഗം.
റോഡ് ഇല്ല, ചോലകള്‍ക്കു കുറുകെ ഈറ്റകള്‍ കെട്ടിയൊതുക്കി ഉണ്ടാക്കിയ തൂക്കുപാലങ്ങളിലൂടെയും കാട്ടിനുള്ളിലെ ഇടവഴികളിലൂടെയും പന്ത്രണ്ടും പതിനഞ്ചും കിലോമീറ്റര്‍ നടന്നാലേ പല സെറ്റില്‍മെന്റുകളില്‍ നിന്നും പുറംലോകത്ത് എത്താനാകൂ. ഇവര്‍ക്കുവേണ്ടി എത്തിക്കുന്ന അരിയില്‍പോലും വന്‍തോതില്‍ കൃത്രിമം കാട്ടുന്നതായും പെന്‍ഷന്‍പോലും തട്ടിയെടുക്കുന്നതായുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവിടെ സന്ദര്‍ശിച്ച് സാമൂഹ്യനീതി കമ്മിഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
മൂന്നാറില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയാണ് എടമലക്കുടി. മൂന്നാറില്‍ നിന്നും ഇരവികുളം നാഷണല്‍ പാര്‍ക്ക് വഴി പെട്ടിമുടി എന്ന പ്രദേശത്തിലൂടെയാണ് എടമലക്കുടിയിലേക്കുള്ള യാത്ര. പെട്ടിമുടി എന്ന പ്രദേശം വരെ മാത്രമേ സാധാരണഗതിയില്‍ വണ്ടി പോകൂ. മഴക്കാലത്ത് അല്ലെങ്കില്‍ അവിടെനിന്ന് വീണ്ടും 15 കിലോമീറ്റര്‍ അകലെയുള്ള എടലിപ്പാറക്കുടി വരെ വാഹനം എത്തും. എടലിപ്പാറക്കുടിയില്‍നിന്ന് പിന്നീടുള്ള യാത്ര അതി സാഹസികമാണ്. കുത്തനെയുള്ള കാട്ടുവഴികളും ചോലകള്‍ താണ്ടാന്‍ ഈറത്തണ്ടുകളില്‍ നിര്‍മ്മിച്ച തൂക്കുപാലങ്ങളും എല്ലാം കടന്നുവേണം കാട്ടിനുള്ളിലൂടെ 12 കിലോമീറ്ററോളം നടന്ന് ആദ്യത്തെ സെറ്റില്‍മെന്റില്‍ എത്താന്‍.
എത്തിപ്പെടാന്‍ ഇത്രയും ദുര്‍ഗ്രഹമായ എടമലക്കുടി കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായിട്ടും ഇവരുടെ ഊരുകള്‍ക്കിടയില്ല, മറിച്ച് 66 കിലോമീറ്റര്‍ അകലെ ദേവികുളത്താണ് എടമലക്കുടിയുടെ പഞ്ചായത്തോഫീസ് സ്ഥിതി ചെയ്യുന്നത് എന്നറിയുമ്ബോള്‍ത്തന്നെ മനസ്സിലാകും ഇത്രയും കാലം സര്‍ക്കാരുകള്‍ ഇവരോട് കാട്ടിയ അവഗണന എത്രത്തോളമുണ്ടെന്ന്.
ഇപ്പോള്‍ 13 അംഗ കൗണ്‍സില്‍ ഭരിക്കുന്നത് സിപിഐ(എം) ആണ്. പരസ്പരം ബന്ധുക്കളായ വിവിധ സെറ്റില്‍മെന്റുകളിലെ ആദിവാസി നേതാക്കള്‍ തന്നെയാണ് പഞ്ചായത്ത് അംഗങ്ങള്‍. എന്നിട്ടും ഇവരെയെല്ലാം കബളിപ്പിച്ച് കാലങ്ങളായി ഒരോ വിഷയത്തിലും അനുവദിക്കപ്പെടുന്ന ഫണ്ടുകളില്‍ വന്‍ വെട്ടിപ്പു നടക്കുന്നതായി സാമൂഹ്യനീതി കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്.
എടമലക്കുടിയിലെ ആദിവാസികള്‍ക്ക് ലഭിക്കേണ്ട മിക്ക ആനുകൂല്യങ്ങളും അവരുടെ കയ്യിലെത്താതെപോകുന്നതിന്റെ പ്രധാന കാരണം തന്നെ പഞ്ചായത്തിലെ ഉദ്യോഗസ്ഥരാണെന്ന് കമ്മീഷന്‍ വിലയിരുത്തിയിട്ടുണ്ട്. 2 ഷെഡ് മുറികളിലായി പ്രവര്‍ത്തിക്കുന്ന പഞ്ചായത്തില്‍ നാല് ഉദ്യോഗസ്ഥരാണ് ഉള്ളത്. എന്നാല്‍ ഇവര്‍ മിക്കവാറും ഓഫീസുകളില്‍ എത്താറുപോലുമില്ലെന്നാണ് കമ്മീഷന്‍ കണ്ടെത്തി. അക്കമിട്ട് നടത്തി 17 ക്രമക്കേടുകള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുകയും അടിയന്തിരമായി ഇക്കാര്യങ്ങളില്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട.
സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കുന്ന സൗജന്യ അരിയില്‍ പോലും കൃത്രിമം നടക്കുന്നു. സര്‍ക്കാര്‍ നല്‍കുന്ന അരി മറിച്ചുവിറ്റ് പകരം പുഴുത്തതും ഭക്ഷയോഗ്യമല്ലാത്തതുമായ അരി ഊരുകളില്‍ എത്തുന്നു. തെളിവെടുപ്പിനെത്തിയപ്പോള്‍ രണ്ടുദിവസം ഊരുകളില്‍ താമസിച്ച കമ്മിഷന്‍ അംഗങ്ങള്‍ തെളിവെടുപ്പു നടത്തവെ അവര്‍ അവിടെനിന്നുതന്നെ ഭക്ഷണം കഴിക്കുകയായിരുന്നു. ഇതോടെ അവര്‍ക്ക് സത്യാവസ്ഥ നേരിട്ടു മനസ്സിലാക്കാനായി.
സര്‍ക്കാര്‍ നല്‍കുന്ന അരിയും മറ്റും കാട്ടിലൂടെ സെറ്റില്‍മെന്റില്‍ എത്തിക്കേണ്ടതിന് ചുമട്ടുകൂലിയായി വലിയ തുക നല്‍കേണ്ടി വരുമെന്നും അതിനാല്‍ അത് മറിച്ചുവില്‍ക്കുന്നതുകൊണ്ടാണ് നിലവാരമില്ലാത്ത അരി എത്തുന്നതെന്നുമാണ് ആദിവാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ചുമട്ടുകൂലി ചെലവ് സര്‍ക്കാര്‍ വേറെ നല്‍കുന്നുണ്ടെന്നത് ഇവര്‍ അറിയാറില്ല.
മുമ്ബും പല സമിതികളും ഇവരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ എത്തിയിരുന്നു. ആദിവാസികളുടെ ഉന്നമനത്തിനും മറ്റുമായി വിവിധ പഠനങ്ങള്‍ക്കുമായി സര്‍ക്കാര്‍ നിയോഗിക്കുന്ന പല സമിതികളും ദുസ്സഹമായ വനയാത്രയ്ക്കു മടിച്ച് ദേവികുളത്തെ പഞ്ചായത്ത് ഹാളില്‍ ഇരുന്നാണ് 'പഠനം' നടത്തുന്നത്. അതിനാല്‍തന്നെ തങ്ങളുടെ കഷ്ടപ്പാടുകള്‍ നേരിട്ടുകാണാന്‍ എത്തിയ സാമൂഹ്യനീതി സംഘത്തിനുമുന്നില്‍ പരാതികളുമായി നിരവധി പേരാണ് എത്തിയത്.
28 സെറ്റില്‍മെന്റുകളില്‍ മൂന്നെണ്ണം ആനയുടേയും കാട്ടുപോത്തിന്റേയും അക്രമണത്തില്‍ നശിച്ചതായി ആദിവാസികള്‍ പറഞ്ഞു. തുടര്‍ന്ന് ഇവിടെയുള്ള പലരും മറ്റ് സെറ്റില്‍മെന്റുകളിലേക്ക് മാറിത്താമസിച്ചു. നല്ല ആഹാരം പോലും ഇവര്‍ക്ക് ലഭിക്കാത്ത അവസ്ഥയെ തുടര്‍ന്ന് കമ്മീഷന്‍ അംഗങ്ങള്‍ തങ്ങളുടെ വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും ഉപയോഗിച്ച് ഇവിടത്തെ ഓരോ കുടുംബത്തിനും 30കിലോ അരി വീതം നല്‍കിയാണ് മടങ്ങിയത്.
കഴിഞ്ഞ സര്‍ക്കാര്‍ റോഡ് നിര്‍മ്മാണത്തിനും മറ്റുമായി വനം വകുപ്പ് മുഖേന ഒന്നരക്കോടിയോളം രൂപ അനുവദിച്ചെങ്കിലും വെറും 66 ലക്ഷം രൂപ മാത്രമാണ് ഇതിനായി ചിലവഴിച്ചത്. സെറ്റില്‍മെന്റുകളിലേക്ക് എത്തുന്നതിന് കിലോമീറ്ററുകള്‍ മുന്‍പ് തീരുന്ന റോഡുകളാണ് എല്ലാം. 16നും 30നും ഇടയില്‍ പ്രായമുള്ള ആള്‍ക്കാര്‍ക്കിടയില്‍ ഇവിടെ ആത്മഹത്യാ പ്രവണത കൂടുതലായി കണ്ട് വരുന്നുവെന്നും കമ്മീഷന്‍ അംഗങ്ങള്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു.
അമിതമായ രീതിയിലുള്ള കറുപ്പിന്റെ ഉപയോഗമാണ് ഇത്തരം പ്രവണതകള്‍ക്ക് കാരണമെന്നും കമ്മീഷന്‍ പറയുന്നു. ചെറിയ കാര്യങ്ങള്‍ക്കാണ് ഇവര്‍ മനോവിഷമത്താല്‍ ആത്മഹത്യ ചെയ്യുന്നത്. കൃത്യമായ ബോധവല്‍ക്കരണങ്ങളിലൂടെ മാത്രമെ ഇത്തരം പ്രവണതകളില്‍ നിന്നും ഇവരെ മാറ്റിയെടുക്കാന്‍ കഴിയുകയുള്ളുവെന്നാണ് നിരീക്ഷണം.
മുതുവാന്‍ സമൂഹത്തിലെ തന്നെ ചില ആചാരങ്ങള്‍ ഇവിടുത്തെ സ്ത്രീകളുടെ ആരോഗ്യ സ്ഥിതി മോശമാകുന്നതിന് കാരണമായിട്ടുണ്ടെന്നും കണ്ടെത്തി. ആര്‍ത്തവ കാലങ്ങളില്‍ മുതുവാന്‍ സമുദായത്തിലെ സ്ത്രീകളെ വാലായ്മപുര എന്ന പ്രത്യേക മുറികളിലാണ് താമസിപ്പിക്കുക. കാടിനുള്ളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് വാലായ്മപുരകള്‍ നിര്‍മ്മിക്കാറുള്ളത്. ആചാരപ്രകാരം കാട്ടിനുള്ളില്‍ ഒറ്റയ്ക്ക് കഴിയേണ്ടി വരുമെന്നതിനാല്‍ മാസമുറ ഉണ്ടാകാതിരിക്കാനായി മിക്ക സ്ത്രീകളും സ്ഥിരമായി ഗുളിക കഴിക്കുന്നുണ്ട്.
തമിഴ്നാട്ടില്‍ നിന്നുമാണ് ഇത്തരം ഗുളികകള്‍ ഇവര്‍ക്ക് ലഭിക്കുന്നത്. ഇത്തരം ഗുളികകളുടെ അമിതമായ ഉപയോഗം കാരണം കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് ഇവര്‍ നേരിടുന്നത്. ഇവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ പലപ്പോഴും പ്രസവത്തോടെ മരിച്ചുപോകുന്നു. ഇത്തരം മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് ഇവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ആരും ഇതുവരെ തയ്യാറായിട്ടില്ല. കൃത്യമായി ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ പോലും ഇവര്‍ക്ക് ലഭിക്കാറില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇടമലക്കുടിയിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കമ്മീഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലെ മറ്റു കണ്ടെത്തലുകള്‍ ഇങ്ങനെയാണ്. ആദിവാസികള്‍ക്കായി അനുവദിച്ചുകിട്ടുന്ന ഫണ്ടുകള്‍ മിക്കവാറും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വകമാറ്റിയാണ് ചിലവഴിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വനം വകുപ്പിന്റെ കയ്യിലാണ് സര്‍ക്കാര്‍ ഫണ്ടുകള്‍ എത്തുന്നത്. ഇത് പഞ്ചായത്തിന്റെ കയ്യില്‍ നേരിട്ടു നല്‍കുന്നതാണ് നല്ലതെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശം. ആദിവാസികള്‍ക്ക് വീടുനിര്‍മ്മിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട് ചില എഞ്ചിനീയര്‍മാര്‍ തങ്ങളെ കബളിപ്പിച്ചുവെന്ന പരാതികളും ആദിവാസികള്‍ക്കുണ്ടെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദിവാസി സമൂഹത്തെ സഹായിക്കാനായി നിയോഗിച്ചിട്ടുള്ള പ്രമോട്ടര്‍മാരും പലപ്പോഴും ഇവരെ ചൂഷണം ചെയ്യുന്നതായും കബളിപ്പിക്കുന്നതായും പരാതിയുണ്ട് പലര്‍ക്കും. രോഗികളായ ആദിവാസികള്‍ക്ക് നല്‍കേണ്ട സാമ്ബത്തിക സഹായങ്ങളും കൃത്യമായി നല്‍കാറില്ല. ഫോറസറ്റ് വാച്ചര്‍മാരായി നിയമിക്കപ്പെട്ടിട്ടുള്ളവര്‍ക്ക് ശമ്ബളവും കൃത്യമായി നല്‍കാറില്ല. നിരുത്തരവാദപരമായ രീതിയിലാണ് ഇവരുടെ പ്രശ്നങ്ങളില്‍ പഞ്ചായത്തിന്റെ സമീപനമെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ആദിവാസി വിദ്യാര്‍ത്ഥികളുടെ ആശ്രയമായ സ്കൂളിലെ അവസ്ഥയും മോശമാണ്. മിക്കവാറും ദിവസങ്ങളില്‍ ഇവിടെ അദ്ധ്യാപകര്‍ എത്താറില്ല. അദ്ധ്യാപകര്‍താമസിക്കുന്നത് സ്കൂളില്‍ തന്നെയാണ്. നിലത്ത് ചാക്ക് വിരിച്ചാണ് ഇവര്‍ കിടക്കുന്നത്. ഏകജാലക സംവിധാനം വഴി നിയമിക്കപ്പെട്ട അദ്ധ്യാപകരാണെങ്കില്‍ സ്കൂളുകളിലേക്കോ സെറ്റില്‍മെന്റുകളിലേക്കോ തിരിഞ്ഞ് നോക്കാറുപോലുമില്ല.
ആകെയുള്ള ഒരു എല്‍പി സ്കൂള്‍ യുപി സ്കൂളായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം കാലങ്ങളായി കടലാസ്സിലൊതുങ്ങികിടക്കുകയാണ് . ഇത് കാരണം മിക്കവാറും കുട്ടികള്‍ നേരത്തെ തന്നെ പഠനം അവസാനിപ്പിക്കാറാണ് പതിവ്. കിലോമീറ്ററുകള്‍ അപ്പുറത്തുള്ള മറ്റ് സ്കൂളിലേക്ക് അയക്കുക എന്നത് പലര്‍ക്കും പ്രായോഗികവുമല്ല. വന്യ ജീവികളുടേയും മറ്റും അക്രമങ്ങല്‍ ഭയന്ന് ആരും ഇത്തരം സാഹസങ്ങല്‍ക്ക് മുതിരാറുമില്ല.
ആദിവാസി സമൂഹത്തിന് വേണ്ടിയും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി കൃത്യമായ നേതൃത്വമോ നേതാക്കളോ ഒന്നും ഇല്ലല്ലോ മാത്രവുമല്ല ഇവരെ ചൂഷണം ചെയ്താല്‍ തന്നെ ആര് ചോദിക്കാന്‍. ഈ മനോഭാവം മാറുകയും ആദിവാസി സമൂഹത്തെയും മനുഷ്യരായി കാണുന്നതിലെ വിമൂഖത അവസാനിപ്പിക്കുകയും ചെയ്യാതെ അവരുടെ പ്രശ്നങ്ങല്‍ക്ക് ശാശ്വതമായ പരിഹാരമില്ലെന്നത് ഒരു യാഥാര്‍ഥ്യമായി അവശേഷിക്കുക തന്നെ ചെയ്യും.
കമ്മീഷന്‍ ചെയര്‍മാന്‍ വിപി റോണി, അംഗങ്ങളായ ജോബിഷ് ജോസഫ്, ജോംസി എന്നിവരുള്‍പ്പടെ ഏഴംഗ സംഘമാണ് എടമലക്കുടിയിക്കുടിയിലെത്തി ഇവിടുത്തെ അവസ്ഥയുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരമുള്ള സ്വയംഭരണ സന്നദ്ധ സംഘടനയാണ് ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷന്‍. ആദിവാസികളുടേയും ഗോത്ര വര്‍ഗത്തിന്റേയും പൊതു വിഷയങ്ങളില്‍ ഇടപെടുന്നതാണ് സംഘടനയുടെ പ്രവര്‍ത്തന രീതി. ആദിവാസികളുടെ പ്രശ്നങ്ങളും മറ്റും പഠിക്കാനും തങ്ങലെ സഹായിക്കുവാനുമായി എത്തിയ കമ്മീഷന്‍ അംഗങ്ങള്‍ക്ക് ഇവിടുത്തെ പ്രമോട്ടര്‍മാരും മുതുവാന്‍ സമൂഹത്തിലെ തന്നെ ചെറുപ്പക്കാരും എല്ലാ സഹായങ്ങളും നല്‍കിയെന്നും കമ്മീഷന്‍ അംഗങ്ങള്‍ മറുനാടനോട് പറഞ്ഞു.
No comments:
Post a Comment