Thursday, 8 September 2016

ആദിവാസി നേതാക്കള്‍ പലവഴിക്കായതോടെ നില്‍പ്പുസമരത്തിലൂടെ നേടിയെടുത്ത ഭൂമിയില്‍ കയറാന്‍പോലും ആകാതെ ആദിവാസികള്‍; മരങ്ങളുടെ കണക്കെടുപ്പും സര്‍വേയും തീര്‍ന്നില്ലെന്നു പറഞ്ഞ് ഭൂമികൈമാറ്റം വൈകുന്നു; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഊരുകൂട്ടങ്ങള്‍



തിരുവനന്തപുരം: കേരളത്തില്‍ പുതിയ സമരചരിത്രമെഴുതിയ നില്‍പ്പുസമരത്തിലൂടെ നേടിയെടുത്ത ഭൂമിയില്‍ ഇനിയും കയറാനാവാതെ ആദിവാസികള്‍. സമരത്തെ തുടര്‍ന്ന് ലഭിച്ച ഭൂമിയിലെ മരങ്ങളുടെ കണക്കെടുപ്പും സര്‍വേയും പൂര്‍ത്തിയായില്ലെന്ന കാരണം പറഞ്ഞാണ് നൂറുകണക്കിന് കുടുംബങ്ങള്‍ പട്ടയംകിട്ടി രണ്ടുമാസമായിട്ടും തങ്ങളുടെ പേരിലുള്ള ഭൂമിയില്‍ കയറാന്‍പറ്റാതെ കഴിയുന്നത്.

മുത്തങ്ങയില്‍ നിന്ന് കുടിയിറക്കപ്പെട്ട 447 ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമി അനുവദിക്കാനും ആദിവാസി ഊരുകളെ പട്ടികവര്‍ഗ മേഖലയില്‍ പെടുത്തുന്ന പെസ നിയമം നടപ്പാക്കാനും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് നില്‍പ്പുസമരം അവസാനിപ്പിച്ച്‌ ആദിവാസികള്‍ മടങ്ങിയത്.

സെക്രട്ടേറിയറ്റ് നടയില്‍ 162 ദിവസം നീണ്ടുനിന്ന സമരം 2014 ഡിസംബര്‍ 17ന് ആദിവാസി ഗോത്രമഹാസഭ അവസാനിപ്പിക്കുകയായിരുന്നു. ഇതിനുശേഷം മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് 285 കുടുംബങ്ങള്‍ക്ക് പട്ടയമേള വഴി ഒരേക്കര്‍ വീതം കൈമാറിയത്. അതില്‍ കണ്ണൂര്‍, വയനാട് ജില്ലകളില്‍ മാത്രമാണ് ഭൂമികൈമാറ്റമുണ്ടായത്.

അട്ടപ്പാടിയില്‍ മാത്രം 3000 ഏക്കര്‍ ഭൂമി കണ്ടെത്തി നല്‍കണം. പല കാരണങ്ങള്‍ പറഞ്ഞ് ഇത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയാണ്. 7693 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി ആദിവാസികള്‍ക്ക് പതിച്ചുനല്‍കുമെന്നായിരുന്നു വാഗ്ദാനം. സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ഗോത്രമഹാസഭ രണ്ടാം നില്പ് സമരം കഴിഞ്ഞ ജനുവരിയില്‍ തുടങ്ങാന്‍ ആലോചിച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരിക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

പുതിയ സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ചില്ലെങ്കില്‍ വീണ്ടും സമരവുമായി രംഗത്തിറങ്ങാനും നീതിതേടി ഹൈക്കോടതിയെ സമീപിക്കാനുമാണ് ഇപ്പോള്‍ ആദിവാസികള്‍ ഒരുങ്ങുന്നത്. ഊരുകൂട്ടങ്ങളുടെ നേതൃത്വത്തില്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. ഗോത്രമഹാസഭയിലെ ഒരു വിഭാഗം മുന്‍കൈയെടുത്താണ് നിയമനടപടിക്കൊരുങ്ങുന്നത്.

സമരത്തിനുശേഷം ആദിവാസി നേതാക്കള്‍ പലവഴി മാറിയതും പ്രശ്നമായതായി പല ഊരുകൂട്ടങ്ങളിലും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെയുണ്ടായ രാഷ്ട്രീയമാറ്റങ്ങളില്‍ ഗോത്രമഹാസഭാ നേതാവ് സി.കെ. ജാനു എന്‍.ഡി.എ പാളയത്തിലെത്തി. ഇത് എം. ഗീതാനന്ദനുമായുള്ള ഭിന്നതയ്ക്കും അതുവഴി ഗോത്രമഹാസഭയില്‍ തന്നെ ഭിന്നിപ്പിനും ഇടവരുത്തി. ആദിവാസി ഭൂമിപ്രശ്നം ഇതോടെ താഴേക്ക് പോയതായാണ് കണക്കാക്കപ്പെടുന്നത്.

ആദിവാസി ഊരുകളെ ഭരണഘടനയുടെ അഞ്ചാം പട്ടികയിലുള്‍പ്പെടുത്തി ഭൂമിപരിരക്ഷ ഉറപ്പുവരുത്താനാവശ്യമായ നീക്കങ്ങളും മുന്നോട്ടുനീങ്ങുന്നില്ല. കേരളത്തില്‍ ഭരണമാറ്റത്തെ തുടര്‍ന്ന് വിഷയം വീണ്ടും സജീവമാക്കിയെടുക്കാനാണ് ഗോത്രമഹാസഭയിലെ ഗീതാനന്ദന്‍പക്ഷം ശ്രമിക്കുന്നത്. ഹൈക്കോടതിയെ സമീപിക്കുന്നതിന് പുറമേ ഭരണഘടനയുടെ അഞ്ചാംപട്ടികയില്‍ പെടുത്താനാവശ്യമായ തുടര്‍നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഡല്‍ഹിയിലേക്ക് നിവേദകസംഘം പോകുന്നതും ആലോചിക്കുന്നു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനാധിപത്യ രാഷ്ട്രീയസഭ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച്‌ എന്‍.ഡി.എ പാളയത്തിലെത്തിയ സി.കെ. ജാനുവിന് ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ അംഗത്വം എന്‍.ഡി.എ നേതൃത്വം വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്.

No comments:

Post a Comment